ന്യൂഡല്‍ഹി: ബിഡബ്ല്യുഎഫ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ-വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ആയുഷ് ഷെട്ടിയും പി.വി. സിന്ധുവും പ്രീക്വാര്‍ട്ടറിലെത്തി.
അതേസമയം, പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടില്‍ പുറത്ത്. 14-ാം സീഡായ ലക്ഷ്യ സെന്‍ അമേരിക്കയുടെ ഗ്രേറ്റ് ടാനിനോടാണ് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്.
മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ 19-21, 21-19, 21-17നായിരുന്നു അമേരിക്കന്‍ താരത്തിന്റെ ജയം. മത്സരം ഒരു മണിക്കൂര്‍ 13 മിനിറ്റ് നീണ്ടു. ആയുഷ് ഷെട്ടി, രണ്ടാം റൗണ്ടില്‍ ശ്രീലങ്കയുടെ ഡുമിന്ദു അബേവിക്രമയെയും കീഴടക്കി; 21-8, 21-10.
വനിതാ സിംഗിള്‍സില്‍ ഒമ്പതാം സീഡായ പി.വി. സിന്ധു കാനഡയുടെ വെന്‍ യു ഷാങിനെയാണ് രണ്ടാം റൗണ്ടില്‍ കീഴടക്കിയത്; 21-16, 21-17. അതേസമയം, വനിതാ സിംഗിള്‍സില്‍ ഉന്നതി ഹൂഡ രണ്ടാം റൗണ്ടില്‍ പുറത്തായി.
ഡബിള്‍സില്‍ സമ്മിശ്രം
മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ധ്രുവ് കപില-തനിഷ ക്രാസ്റ്റോ കൂട്ടുകെട്ട് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 15-ാം സീഡായ ഇന്ത്യന്‍ താരങ്ങള്‍ 21-11, 21-11ന് മക്കോവയുടെ ലിയോങ് ഇയോക്ക്-വെങ് ചി കൂട്ടുകെട്ടിനെയാണ് രണ്ടാം റൗണ്ടില്‍ കീഴടക്കിയത്.
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്സായ്രാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ടിന് രണ്ടാം റൗണ്ടിലും വാക്കോവര്‍. എം.ആര്. അര്ജുന്-ഹരിഹരന് അംഷകരുണന് സഖ്യം രണ്ടാം റൗണ്ടില്‍ പുറത്തായി.